TMJ
searchnav-menu
post-thumbnail

അജിത് പവാർ | PHOTO: PTI

TMJ Daily

അജിത് പവാറിനും കൂട്ടർക്കുമെതിരെ അയോഗ്യതാ നീക്കവുമായി എൻസിപി

03 Jul 2023   |   2 min Read
TMJ News Desk

ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എട്ടുപേർക്കുമെതിരെ അയോഗ്യതാ നീക്കവുമായി എൻസിപി. ഒമ്പത് എംഎൽഎമാർക്കെതിരെ എൻസിപി അയോഗ്യതാ ഹർജി നൽകി. മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിനാണ് ഹർജി നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ഹർജി പരിഗണിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, പ്രതിപക്ഷ നേതാവ് ജിതേന്ദ്ര അവ്ഹാദ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ എൻസിപി തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്ത ഒൻപത് എംഎൽഎമാർക്കെതിരെ മാത്രമാണ് തങ്ങൾ നടപടി എടുത്തതെന്നും എൻസിപിയിലെ അണികൾ വർഷങ്ങളായി ശരദ് പവാറിനൊപ്പമാണ്, അതുകൊണ്ട് തന്നെ കൂറുമാറിയവരുടെ തീരുമാനം ജനങ്ങൾ അംഗീകരിക്കില്ല. അതിനാൽ അവർ മടങ്ങി വരണം, അവർ മടങ്ങി വരും എന്നും ജയന്ത് പാട്ടീൽ അറിയിച്ചു.

അട്ടിമറി പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല

പാർട്ടിയിലെ സംഭവവികാസങ്ങൾ പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്ന് എൻസിപി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തെ എൻസിപി പിളർപ്പ് ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്
അജിത്ത് പവാറിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കാം. എന്നാൽ തനിക്ക് ഒരിക്കലും അദ്ദേഹത്തോട് വഴക്കിടാൻ കഴിയുകയില്ല. സഹോദരി എന്ന നിലയിൽ താൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നു എന്നും സുപ്രിയ പറഞ്ഞിരുന്നു. 
അജിത് പവാർ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന് 36 എംഎൽഎമാരുടെ പിന്തുണയില്ലെന്നും എൻസിപി വ്യക്തമാക്കി. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് 53 എംഎൽഎമാരുണ്ട്. അജിത്ത് പവാറിന് കുറഞ്ഞത് 36 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. ഞായറാഴ്ച ഉച്ചക്കാണ് ശിവസേന-ബിജെപി സർക്കാരിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, എൻസിപിയിൽ പിളർപ്പില്ലെന്നും ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കും എന്നും അജിത് പവാർ വ്യക്തമാക്കിയിരുന്നു.

പ്രതിസന്ധി പുതിയതല്ലെന്ന് പവാർ

എൻസിപിയുടെ ഭാവിയെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴത്തെ പ്രതിസന്ധി തനിക്ക് പുതിയതല്ല എന്നായിരുന്നു ശരത് പവാർ പ്രതികരിച്ചത്. ഈ സാഹചര്യം ചിലർക്ക് പുതിയതായിരിക്കാം. പക്ഷേ എനിക്ക് അങ്ങനെയല്ല. 1980 ലെ സാഹചര്യം ആവർത്തിക്കുകയാണ് എന്റെ ലക്ഷ്യം. 1980 ൽ 58 എംഎൽഎമാരിൽ ആറു പേരൊഴികെ എല്ലാവരും എന്നെ കൈവിട്ടു. പിന്നീട് പാർട്ടിയെ പുനർനിർമിക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ പര്യടനം ആരംഭിച്ചു. ശേഷം നടന്ന തെരഞ്ഞെടുപ്പിൽ  എന്നെ ഉപേക്ഷിച്ചവരിൽ മൂന്നോ നാലോ പേരൊഴികെ എല്ലാവരും തോറ്റു. മഹാരാഷ്ട്രയിലെ പൊതുജനങ്ങളിലും യുവാക്കളിലും എനിക്ക് പൂർണമായ വിശ്വാസമുണ്ട്. ഞാൻ വീണ്ടും സംസ്ഥാന പര്യടനം നടത്തും എന്നും പവാർ പ്രതികരിച്ചു.


#Daily
Leave a comment